എൻമകജെ - ഒരു പാരിസ്ഥിതിക നിലവിളി
എന്മകജെ :ഒരു പാരിസ്ഥിതിക നിലവിളി
അത്യാപത്തിനെ പോലും വിധിയായി കരുതുന്ന നിഷ്കളങ്കരായ മനുഷ്യരുടെ നാട്, സുരംഗ കിണറുകളുടെ,എട്ട് സംസ്കൃതികളുടെ, കുന്നുകളുടെ, സത്യത്തിന്റെ നാട്..
വായിച്ചു തുടങ്ങിയപ്പോൾ മക്കോണ്ട പോലെ ഒരു സാങ്കൽപ്പിക ഗ്രാമം ആണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് എന്നത് ഞെട്ടിക്കുന്ന അറിവായിരുന്നു.. അത്രമാത്രം വൈവിധ്യം ഉള്ള ഒരു ഗ്രാമം അറിയപ്പെട്ടത് എൻഡോസൾഫാന്റെ പേരിലാണ് എന്നത് വേദനാജനകവും..
എൻഡോസൾഫാൻ ദുരന്തം തീമഴയായ് ഒരു ഗ്രാമത്തിനു മേൽ പെയ്തിറങ്ങിയത്
ഉള്ളുരുക്കത്തോടെയും, ഹൃദയവ്യഥയോടെയും മാത്രമേ വായിക്കാനാവൂ..
ഒരിക്കലും വായ് പൂട്ടാൻ കഴിയാത്ത ഭാഗ്യലക്ഷ്മി.. 26 വയസായിട്ടും 12 വയസ്സുള്ള കുട്ടിയെ പോലെയിരിക്കുന്ന, കൈകാൽ വിരലുകൾ നീരാളിയുടേതുപോലെ ചുരുണ്ട കൂടിയ,കണ്ണിൽ കൃഷ്ണമണി ഇല്ലാത്ത അൻവർ..
ഒറ്റനോട്ടത്തിൽ കുരങ്ങനാണോ എന്ന് സംശയിക്കുന്ന, മച്ചിങ്ങ പോലെ ചെറിയ തലയും മുന്നോട്ട് ഉന്തിയ മുഖവുമുള്ള, ഉൾവലിഞ്ഞ കണ്ണുകളും, ചെമ്പിച്ച രോമങ്ങൾ പൊതിഞ്ഞ് നന്നേ മെലിഞ്ഞ കൈകളുമുള്ള അഭിലാഷ്.. 3 കാലുകളുമായി ജനിക്കുന്ന പശു കിടാങ്ങൾ..
കൂട്ടത്തോടെ ചത്തു പോകുന്ന തേനീച്ചകൾ.. മീനുകൾ...പാമ്പുകൾ..
വായിക്കുന്നവന്റെയും കേരളത്തിന്റെ യും നോവായി എൻമകജെ..
ചരിത്രവും, വിശ്വാസവും, അനുഷ്ഠാനങ്ങളും, മിത്തും, എല്ലാം കൂടിക്കുഴഞ്ഞ ഒരു ദേശത്തിന്റെ കഥയുടെ ആഖ്യാന രൂപത്തിൽ വായനക്കാരുടെ മനസ്സിലേക്ക് ഒരു പ്രകൃതി ദുരന്തത്തെ അതിന്റെ പൂർണ ഭീകരതയോടെ കാണിച്ചുതരുന്നുണ്ട് നോവലിസ്റ്റ്. ഏറ്റവും നിഷ്കളങ്കരായ ജനങ്ങളെയും, വൈവിധ്യപൂർണമായ പ്രദേശത്തെയും അധികാര ശക്തികൾ എങ്ങനെ വേട്ടയാടുന്നുവെന്ന് ഒരു നടുക്കത്തോടെയും, ആത്മനിന്ദയോടെയും നമുക്ക് കാണാനാവും.
എല്ലാ ദുഃഖങ്ങൾക്കും, രോഗങ്ങൾക്കും, ദുരിതങ്ങൾക്കും കാരണമായി ജടാധാരി മൂർത്തിയുടെ ശാപമായി കാണുന്ന ഒരു ജനത. ജടാധാരി മലയും, കോടങ്കിരി തോടും, പൂച്ച പാതാളവും,അംഗരാജയും സത്യ പടികളും ആ നാടിന്റെ നിഷ്കളങ്കതയെ അടയാളപ്പെടുത്തുന്നു.
ജൈനമതവിശ്വാസികളായ ബെള്ളളനും, അവരെ കീഴടക്കിയ ശീവോളി ബ്രാഹ്മണനും, ദേശത്തിന്‍റെ ഭൂതകാല സ്മൃതികളാണ്. ജടാധരിഭൂതത്തിന്‍റെ കരങ്ങള്‍ അത്രയെളുപ്പം തങ്ങളെ വിട്ടു പോകില്ലെന്ന വിശ്വാസം ആ ദേശത്തിലെ ഓരോ ആളുകൾക്കും ഉണ്ട്. ശീവോളി ബ്രാഹ്മണര്‍ അധികാരം സ്ഥാപിക്കാനായി എറിഞ്ഞുടച്ചത് ജടാധരിയുടെ ആരൂഢമാണ്. അതിന്റെ അനന്തരഫലമാണ് തങ്ങൾ അനുഭവിക്കുന്ന ഈ രോഗപീഡ എന്നവർ വിശ്വസിച്ചു.
ഗോത്ര മൂപ്പൻ പിഞ്ചി പറയുന്ന കഥകളിലൂടെ ആ നാടിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും, വിശ്വാസങ്ങളും, ആചാരങ്ങളും,നമുക്ക് കാണാനാവും.
അതുപോലെതന്നെ എൻമകജെ എന്ന ഈ നോവലിൽ, നീലകണ്ഠനും ദേവയാനിക്കും ഒപ്പം ശുകൻ എന്ന അണ്ണാനും, സുഗ്രീവൻ എന്ന കുരങ്ങനും, ശംഖപാലൻ എന്ന് സർപ്പവും, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രശലഭവും കഥാപാത്രങ്ങളായി വരുന്നു.
പേരില്ലാതെ പുരുഷനെന്നും, സ്ത്രീയെന്നും, വിശേഷിപ്പിച്ച തങ്ങളുടെ കഴിഞ്ഞകാലത്തെ മറന്നു കൊണ്ട്, എല്ലാ ബന്ധങ്ങളെയും വേർപ്പെടുത്തി പുറംലോകവുമായി ബന്ധമില്ലാതെ, ആരും കയറാൻ ഭയപ്പെടുന്ന ജടാധാരി മലയിൽ ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളിലൂടെ തുടങ്ങിയ നോവലിൽ സ്ത്രീക്ക് എവിടെ നിന്നോ കിട്ടിയ അനാഥ കുഞ്ഞിലൂടെ അവർ ആ നാട്ടിലെ മനുഷ്യ ജീവിതത്തെയും തങ്ങളെ തന്നെയും തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുകയാണ് . പിന്നീട് നീലകണ്ഠനും ദേവയാനിയും എൻമകജെയുടെ പ്രതീക്ഷയായി മാറുന്നു.
മാറാരോഗികളായി ജനിച്ചുവീഴുന്ന മനുഷ്യർ എൻമകജെയുടെ ശാപമാണെന്നും,ജടാ ധാരിയുടെ പാപം മൂലമാണെന്നുമുള്ള തങ്ങളുടെ വിശ്വാസം, തെറ്റാണെന്ന് നീലകണ്ഠനിലൂടെയും, ദേവയാനിയിലൂടെയും അവര്‍ മനസ്സിലാക്കുന്നു. ഏറെ വര്‍ഷങ്ങാളായി'എന്‍മകജെ' യിലും അടുത്ത പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളില്‍ ഇല്ലാത്ത തേയിലപ്പുഴുവിനെ നശിപ്പിക്കാന്‍ പെയ്തിറങ്ങിയ എൻഡോസൾഫാൻ എന്ന വിഷമാണ് 'എന്‍മകജെ'യെ നശിപ്പിച്ചത്. ഒരുചെറുജീവിപോലും ഇല്ലാത്ത സ്ഥലമാക്കിമാറ്റിയത്,തുമ്പികളേയും ചെറുമീനുകളേയും തേനീച്ചകളേയും ഇല്ലാതാക്കിയത്.. വിഷം ചുരത്തുന്ന ഹതഭാഗ്യരായ അമ്മമാർ ഉണ്ടായത്.. രോഗികളെ സൃഷ്ടിച്ചത്..
അതിനെതിരെ നടത്തുന്ന സമരങ്ങളില്‍ നീലകണ്ഠനും ദേവയാനിയും ശ്രീരാമയും, ഡോ.അരുണ്‍കുമാറും, ജയരാജനും എല്ലാം ഉള്‍പ്പെടുന്ന നന്മനിറഞ്ഞ കഥാപാത്രനിര പരാജയപ്പെടുന്നു.
എന്നാല്‍ പകല്‍ രക്ഷകനായും രാത്രിയില്‍ ക്രൂരനായും എത്തുന്ന നേതാവ് എന്നുവിശേപ്പിക്കുന്ന വില്ലന്‍ കഥാപാത്രം എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ 'എന്‍മകജെ' യില്‍ വിജയം നേടുന്നു.
എൻഡോസൾഫാന്റെ ഭീകര മുഖം അതിന്റെ അതേ തീവ്രതയോടു കൂടി നമ്മുടെ മുൻപിൽ വരച്ചു കാട്ടുന്നുണ്ട് നോവലിസ്റ്റ്.
പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങുന്ന പാരിസ്ഥിതിക ചിന്തകൾ.. അതിനപ്പുറത്തേക്ക് വളരാത്ത നമ്മുടെ പരിസ്ഥിതി ബോധം.. അതിനു മുൻപിലുള്ള ചോദ്യചിഹ്നമാണ് ഈ നോവൽ.
മലയാള സാഹിത്യത്തിലെ ഈ അപൂർവാനുഭവം ഒരിക്കലും വായിക്കാതെ പോകരുത് .