മാറ്റം


മാറ്റം
--------


നമ്മുടെ ഭാഷയിൽ ചില പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും കവിതാശകലങ്ങളുമെല്ലാം എടുത്തു നാം  പരിശോധിക്കുമ്പോൾ ചില പദങ്ങൾക്ക് പുല്ലിംഗ പദങ്ങൾ ഇല്ല എന്നും ചില പഴഞ്ചൊല്ലുകൾ, കവിതകൾ, കഥകൾ,സിനിമകൾ  തുടങ്ങിയവയിൽ സ്ത്രീകളെ അബലകൾ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ ആണെന്നും നമുക്ക് കാണാൻ കഴിയും.
 മനുസ്മൃതിയിൽ പറയുന്നതുപോലെ,

'പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'

 സ്ത്രീ എന്നും സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നൊരു ധാരണ ആദ്യകാലം മുതലേ  നിലനിൽക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഭാഷയിൽ പല പദങ്ങൾക്കും പുല്ലിംഗപദങ്ങൾ ഇല്ലാതായതും, ഉണ്ടോയെന്ന് അന്വേഷിക്കാൻ നമ്മൾ കൂട്ടാക്കാത്ത തും.. വേശ്യയും, മച്ചിയും, പതിവ്രത യും വിധവയുമൊക്കെ കേൾക്കുമ്പോൾ നമ്മൾ അതിന്റെ പുല്ലിംഗം  ആലോചിക്കാറില്ല അല്ലെങ്കിൽ അതൊക്കെ സ്ത്രീകളാണ് എന്നൊരു ധാരണ എല്ലാ പൗരന്മാർക്കും ഉണ്ട്. പൗര കളെ കുറിച്ച് നമ്മൾ   ചിന്തിക്കാറില്ല ല്ലോ.

 പറഞ്ഞു പഴകിയ ചൊല്ലുകൾ ആണ് പഴഞ്ചൊല്ലുകൾ,
'മണ്ണും പെണ്ണും നന്നാക്കുന്ന പോലെ'.
'പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും'
'അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല'
'പെണ്‍ബുദ്ധി പിന്‍ബുദ്ധി'
'പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി'
 ഇതൊക്കെ കേൾക്കുന്ന ഒരാളുടെ മനസ്സിൽ സ്ത്രീ എന്തായിരിക്കും.?

 ഏതൊരു പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണെങ്കിലും ചെങ്ങമ്പുഴയുടെ വരികളാണിവ,

'അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!'

*നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ'

'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം '( കുഞ്ചൻ നമ്പ്യാർ )

 ചങ്ങമ്പുഴയും, നമ്പ്യാരും ഒരു സ്ത്രീ വിരോധിയായിരുന്നെന്നോ നാരീ കുലത്തോടുള്ള വിദ്വേഷം കൊണ്ടാണ് അദ്ദേഹം ഈ വരികള്‍ എഴുതിയതെന്നോ എന്നൊന്നും പറയാൻ വയ്യ, മറിച്ച്‌ വാമൊഴികളും പഴഞ്ചൊല്ലുകളും വഴി പണ്ട് മുതലേ പ്രചാരത്തിലിരുന്ന പ്രയോഗങ്ങള്‍ എല്ലാവരെയും പോലെ അവരെയും   സ്വാധീനിച്ചിട്ടുണ്ടാവാം.

 ഇനി മലയാള സിനിമയെടുത്തു നമ്മൾ പരിശോധിക്കുകയാണെങ്കിലും, അഭിനയരംഗത്ത് പോലും പുരുഷന്റെ നിഴലായി മാറുന്ന സ്ത്രീയാണ് നമുക്ക് കാണാൻ കഴിയുന്നത്. നായകൻ വെള്ളമടിച്ചു കോൺ തിരിഞ്ഞു വരുമ്പോൾ തൊഴിക്കാനും, അവനെ ചിതയിൽ വെക്കുമ്പോൾ നെഞ്ചത്തടിച്ചു കരയാനും സമ്മതമുള്ളവളാണ് നായിക.

 ഇതെല്ലാം കേൾക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് ഇതിനെ തിരുത്തി കുറിക്കുക എന്നതിനപ്പുറം ഇതിൽ സ്ത്രീകൾക്കുള്ള പങ്ക് എന്താണ് എന്നതാണ്. ആലോചിച്ചുനോക്കൂ  ചെറുപ്പം മുതലേ ഒരു ആൺകുട്ടിയെ' 'അയ്യേ, നീ കരയാണോ, നീ എന്താ പെൺകുട്ടിയാ.? 'എന്ന്പറഞ്ഞു പഠിപ്പിക്കുന്നതും ഒരു സ്ത്രീയാണ്.

 ജനിച്ചു വീഴുമ്പോൾ മുതൽ,  ' നീ പെണ്ണാണ് ', 'നീ ഇങ്ങനെ ആയാൽ മതി' അല്ലെങ്കിൽ നീ ഇങ്ങനെയാണ് ആവേണ്ടത്, അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ ഒരു പെൺകുട്ടി കൂടുതൽ കേൾക്കേണ്ടിവരുന്നതും സ്ത്രീകളിൽ നിന്നാണ്.
 അതുകൊണ്ടുതന്നെ മാറ്റം തുടങ്ങേണ്ടതും സ്ത്രീകളിൽ നിന്നാണ്.

 വനിതാദിനത്തിലെ ചിന്തകൾ കണ്ടപ്പോൾ ഉള്ളിൽ ഉണ്ടായ  ചില തോന്നലുകൾ..

Popular posts from this blog

ആതി'യിലെ ആധി

ഋതു

പെൺ ദിനം