ഛായാമുഖി

June 15, 2022
സഹപാഠികളും അവരുടെ കുടുംബവും അടങ്ങുന്ന പതിനൊന്നംഗ സുഹൃത് സംഘം അവരില്‍ ഒരാളുടെ ബാച്ചിലര്‍ പാര്‍ട്ടിക്കായ് ഒരു റിസോര്‍ട്ടില്‍ ഒന്നിച്ച് കൂടുന്നതും അവരിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും അതിനെ തുടർന്നുള്ള കുറ്റാന്വേഷണവും പ്രമേയമായി വരുന്ന മലയാള സിനിമയാണ് 'ട്വൽത്ത് മാൻ'.

മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഉണ്ടായ ഒരു മിസ്റ്ററി ത്രില്ലർ എന്ന് പറയാവുന്ന ഈ സിനിമ ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി ഒറ്റ രാത്രിയുടെ കഥ പറയുന്നു.

സിനിമയുടെ കാതലായ ഭാഗം തുടങ്ങുന്നത് പാർട്ടിക്കിടയിൽ തമാശക്കായി തുടങ്ങിയ ഒരു നിസ്സാര ഗെയിമിൽ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നത്തോടെയാണ്.അതിന് കാരണമാകുന്നതോ അവരവരുടെ തന്നെ മൊബൈൽ ഫോണും.'ട്വൽത്ത് മാൻ' ഒരു ഭയങ്കര സിനിമ എന്നൊന്നും പറയാൻ വയ്യെങ്കിലും, സിനിമയില് പറയാതെ പറയുന്ന ചിലതുണ്ട്.. ആത്മ സൗഹൃദങ്ങളിലെ പൊള്ളത്തരവും, മലയാളി കളുടെ സാമൂഹ്യ സാഹചര്യവും..മൊബൈൽ ഫോൺ ഓരോ മനുഷ്യന്റേയും ജീവിതത്തിലെ സ്വകാര്യതയാണെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം, ബന്ധങ്ങൾക്ക് വ്യക്തികൾ നൽകുന്ന മൂല്യത്തെ കുറിച്ചും പുനർചിന്തനത്തിന് ഇടനൽകുന്നു..

സിനിമയിൽ ഒരായിരം രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച മൊബൈൽ ഫോൺ കേസന്വേഷണത്തിലേക്കും ,സിനിമയുടെ ക്ലൈമാക്സിലേക്കും പ്രേക്ഷകനെ കൗതുകത്തോടെ കൂട്ടികൊണ്ടുപോകുമ്പോൾ, ചിന്തയിൽ മിന്നിമറയുന്നത് ഛായാമുഖിയാണ്.

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്.വനവാസകാലത്ത് ഹിഡുംബി ഭീമസേനന് സമ്മാനിക്കുന്നതാണത്.ഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്..മറിച്ച്, ഹൃദയം കൊണ്ട് സ്നേഹിക്കുന്നയാളെയാണ് കാണുന്നത്.ഭീമൻ അതിൽ നോക്കുമ്പോൾ തന്റെ രൂപം തെളിയുന്നത് കാണാൻ കൊതിച്ച ഹിഡുംബി കാണുന്നത് ദ്രൗപദി യുടെ രൂപം ഛായാമുഖിയിൽ തെളിയുന്നതാണ്.ആകെ തകർന്നു പോകുന്ന അവൾ കാട്ടിലേക്ക് ഓടി മറയുന്നത് നമുക്ക് കാണാം..ഭീമൻ പിന്നീട് ഛായാമുഖി ദ്രൗപദിക്ക് സമ്മാനിക്കുന്നു.. പക്ഷേ ദ്രൗപദി അതിൽ നോക്കുമ്പോൾ തെളിഞ്ഞുവരുന്നത് യോദ്ധാവായ അർജ്ജുനന്റെ രൂപമാണ്.. തന്റെ കൂടെയുള്ളപ്പോൾ പോലും ദ്രൗപദിയുടെ മനസ്സിൽ അർജുനനാണ് എന്നകാര്യം ഭീമസേനനെ നിസ്സഹായനാക്കുന്നുണ്ട്. പിന്നീട് പാണ്ഡവർ വിരാട ദേശത്ത് അജ്ഞാതവാസം നയിക്കുമ്പോൾ, ഛായാമുഖി യുടെ രഹസ്യമറിഞ്ഞ വിരാടാരാജ്ഞിയും, രാജ്ഞിയുടെ സഹോദരൻ കീചകനുമെല്ലാം തങ്ങളുടെ ഉള്ളിൽ ആരെന്ന്, തങ്ങൾ ആരെന്ന് തിരിച്ചറിയുന്നുണ്ട്.. രാജ്ഞി ജരാനരകൾ ബാധിച്ച രാജാവിന് പകരം സൈന്യാധിപനെയാണ് കാണുന്നത് ..കീചകൻ നോക്കുമ്പോൾ ആരുടെ മുഖവും തെളിയുന്നില്ല. അയാൾക്ക് അതൊരു തിരിച്ചറിവാണ്. ഇത്രകാലവും താൻ ആരെയും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല എന്ന തിരിച്ചറിവ്.. കാലാന്തരത്തിൽ ഛായാമുഖി നൽകിയ തിരിച്ചറിവ് കീചകനെ കാമുകനാക്കുന്നുണ്ട്.. അയാളിൽ ദ്രൗപദി യോടുള്ള പ്രണയം മൊട്ടിടുന്നുണ്ട്.

ഈ ആധുനിക കാലഘട്ടത്തിൽ ഛായാമുഖി യുടെ പ്രസക്തി വർധിക്കുകയാണ്.ഓരോ മനുഷ്യന്റേയും യഥാർത്ഥ മുഖം കാണണമെങ്കിൽ,ഛായാമുഖി എന്ന മായക്കണ്ണാടി അനിവാര്യമായിരിക്കുകയാണ്

Popular posts from this blog

ആതി'യിലെ ആധി

ഋതു

പെൺ ദിനം