അമ്മയില്ലാത്ത വീട്
August 24, 2022
അമ്മയില്ലാത്ത വീട്
—-------------------------
ഓർത്തുനോക്കിയിട്ടുണ്ടോ അമ്മയില്ലാത്ത വീടിനെ കുറിച്ച്..?
അച്ഛനോടൊപ്പം പുതപ്പിനുള്ളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന കുഞ്ഞുങ്ങൾ നേരം പുലർന്നിട്ടും എണീറ്റിട്ടില്ല..
ഉണരുവോളം വിളിക്കാനും, ഉണർന്നിട്ടുമ്മ വെക്കാനും അവളില്ലല്ലോ..
സൂര്യനുദിച്ചിട്ടും വെളിച്ചെമെത്താത്ത അടുക്കളക്ക് നോവിന്റെ കറുത്തനിറമാണിന്ന്…
അടുക്കളയിൽ
കറിക്കത്തിയും, പാത്രങ്ങളും കലപില കൂട്ടുന്നത് കേൾക്കാനില്ല .
മുറ്റത്തെ കരിയിലകളും മൗനവ്രതത്തിലാണ്..
ഈർപ്പം മാറാത്ത തുണികൾ അവളുടെ ചൂടിനായ് കാത്തിരിക്കുന്നു..
ഇന്ന് ടൈം ടേബിളനുസരിച്ച് റെഡിയായ ബാഗും , ചോറ്റുപാത്രവും നേരം വൈകിയെന്ന് പിറുപിറുക്കുന്നില്ല..
വെച്ചാൽ വെച്ചിടത്ത് കാണാത്ത പലതും
ഇന്ന് അവളെക്കാത്ത് നിരന്നിരിപ്പുണ്ട്..
കൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരാതി പറയുന്നുണ്ട്..
മുറ്റത്തെ തെച്ചിയും, മുല്ലയും ഇതുവരെയും തുള്ളി വെള്ളം കിട്ടിയില്ലെന്നു പരിഭവിക്കുന്നുണ്ട്..
അമ്മയില്ലാത്ത വീട്,
വാക്കുകൾക്ക് ശബ്ദമില്ലാതെയാവും..
അനാഥമായൊരു ഊന്നുവടിപോലെയാവും....
വെറും രണ്ടക്ഷരം മാത്രമാവും ..